---
title: "'അന്നം മുടക്കികൾ കടക്ക് പുറത്ത്' ; ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഫ്ലക്സ് വെച്ച് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം"
english_title: "DYFI Distributes Pothichoru With Banner Against Health Minister K Muraleedharan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373527/dyfi-pothichoru-distribution-kerala-health-minister-k-muraleedharan- controversy"
published_at: "2026-07-20T15:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5deb8dd1857_dyfi-pothichoru-distribution-kerala-health-minister-controversy.jpg"
keywords: ["K Muraleedharan", "DYFI", "Pothichoru", "Kerala Health", "Thiruvananthapuram"]
---

# 'അന്നം മുടക്കികൾ കടക്ക് പുറത്ത്' ; ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഫ്ലക്സ് വെച്ച് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം

> **Lead Summary:** > **തിരുവനന്തപുരം: **ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഫ്ലക്സ് വെച്ച് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം. "അന്നം മുടക്കികൾ കടക്ക് പുറത്ത്" എന്ന മുദ്രാവാക്യം ഉൾപ്പെടുത്തിയ ബാനറുമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം നടത്തിയത്.

## Article Content

> **തിരുവനന്തപുരം: **ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഫ്ലക്സ് വെച്ച് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം. "അന്നം മുടക്കികൾ കടക്ക് പുറത്ത്" എന്ന മുദ്രാവാക്യം ഉൾപ്പെടുത്തിയ ബാനറുമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം നടത്തിയത്.

ഡിവൈഎഫ്ഐ കോവിൽവിള യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്. മുൻമന്ത്രി വി ശിവൻകുട്ടി സ്ഥലത്ത് എത്തി പൊതിച്ചോറ് വിതരണം നിർവഹിച്ചു.പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ നേരത്തെ നടത്തിയ പരാമർശമാണ് വലിയ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായത്.

സർക്കാർ ആശുപത്രികളിൽ ബാനർ കെട്ടി സംഘടനകൾ നടത്തുന്ന പൊതിച്ചോർ വിതരണം നിർത്തലാക്കുമെന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം. കമ്മ്യൂണിറ്റി കിച്ചണിലൂടെ മാത്രമേ ഭക്ഷണ വിതരണം നടത്താവൂ എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.ഇതോടെ ജനങ്ങളിൽ നിന്നും ഇടതു സംഘടനകളിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്നു.

വിമർശനം ശക്തമായതോടെ മന്ത്രി പിന്നീട് നിലപാട് മാറ്റി. ഭക്ഷണം കൊടുക്കുന്നതിനെ എതിർത്തിട്ടില്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജിൽ വലിയ ബാനർ വെച്ച് പ്രവർത്തനം തടസപ്പെടുത്തിയതിനെയാണ് താൻ എതിർത്തതെന്നുമാണ് മുരളീധരൻ പിന്നീട് വിശദീകരിച്ചത്.

കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങുന്നത് ആലപ്പുഴയിലാണ്. ഇത് ആലപ്പുഴ ജില്ലയുടെ മാത്രം തീരുമാനമാണ്. മറ്റ് ആശുപത്രികളിൽ നിന്നോ ജില്ലകളിൽ നിന്നോ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.പൊതിച്ചോറ് സർക്കാർ ആശുപത്രികളിലെ സ്ഥിരം കാഴ്ചയാണ്.

രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വലിയ ആശ്രയമാണ് ഈ ഭക്ഷണ വിതരണം. അതുകൊണ്ടുതന്നെ നിർത്തലാക്കുമെന്ന മന്ത്രിയുടെ ആദ്യ പ്രസ്താവന സർക്കാരിനെതിരെ രൂക്ഷ വിമർശനത്തിന് വഴിവെച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373527/dyfi-pothichoru-distribution-kerala-health-minister-k-muraleedharan- controversy)